തിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിക്കാതെയും യുജിസി ചട്ടങ്ങൾ ലംഘിച്ചും സർക്കാർ നടത്തിയ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽമാരുടെ നിയമനങ്ങൾ കോടതി മരവിപ്പിച്ചു. ജസ്റ്റീസ് പി.വി. ആശ, മെംബർ കെ. പ്രദീപ് കുമാർ എന്നിവർ ഉൾപ്പെട്ട കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്.
2022ൽ യുജിസി ചട്ടങ്ങൾ അനുസരിച്ച് സെർച്ച് കമ്മിറ്റി തെരഞ്ഞെടുത്ത 110 അപേക്ഷകരിൽ 36 പേർക്കു മാത്രമാണു നിയമനം നൽകിയത്. പിന്നീട് ബാക്കിയുള്ളവർ ട്രൈബ്യൂണലിനെ സമീപിച്ചപ്പോൾ ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം കുറച്ചു പേരെക്കൂടി നിയമിച്ചു.
ഇതിനിടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ യുജിസി ചട്ടങ്ങൾ ലഘൂകരിച്ച് സെർച്ച് കമ്മിറ്റിയെക്കൊണ്ട് ചിലരെ തെരഞ്ഞെടുത്തു. ഇതിനെതിരേ 2022ൽ സെലക്ഷൻ ലഭിച്ചവർ വീണ്ടും കോടതിയെ സമീപിച്ചപ്പോൾ കോടതി സർക്കാരിന്റെ നിലവിലെ ലിസ്റ്റ് റദ്ദാക്കി.
യുജിസി ചട്ടങ്ങൾ പാലിച്ചുളള സെലക്ഷൻ കമ്മിറ്റി ഉണ്ടാക്കാനും 2022ൽ യുജി സി ചട്ടം പാലിച്ച് തെരഞ്ഞെടുത്തവരിൽ സെലക്ഷൻ കിട്ടിയ 110 പേരിൽ ഇനിയും നിയമനം ലഭിക്കാത്തവരിൽനിന്ന് പുതിയ നിയമനം നടത്താനും ട്രൈബ്യൂണൽ നേരത്തേ സർക്കാരിനു നിർദേശം നൽകിയിരുന്നു.
യുജിസി ചട്ടപ്രകാരമുള്ള പ്രസിദ്ധീകരണങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ളവരെ മാത്രമാണ് പ്രിൻസിപ്പൽ തസ്തികയിലേക്ക് പരിഗണിച്ചിരുന്നത്. ഇതിനു വിരുദ്ധമായി കോളജ് മാഗസിനുകളിലടക്കം പ്രബന്ധം എഴുതിയവരെപ്പോലും പരിഗണിക്കാൻ ചട്ടങ്ങൾ സർക്കാർ ലഘൂകരിച്ചിരുന്നു. മാത്രമല്ല, ഡെപ്യൂട്ടേഷൻ പരിഗണിച്ചിരുന്നത് യുജിസി ചട്ടപ്രകാരം അധ്യാപനത്തിനു മാത്രമായിരുന്നു. എന്നാൽ, മറ്റു മേഖലകളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തവരെയും പ്രിൻസിപ്പൽമാരായി പരിഗണിക്കുന്നതിൽ ഉൾപ്പെടുത്താമെന്ന ലഘൂകരണം ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ നിയമന പട്ടികയാണ് ഇപ്പോൾ കോടതി മരവിപ്പിച്ചത്. ഹർജിക്കാർക്കുവേണ്ടി എം. ഫത്ത്ഹുദ്ദീൻ ഹാജരായി.